Thursday, July 19, 2012

സ്നേഹത്തിന്‍റെ മഹാകാവ്യം!




എന്‍റെ  അച്ഛന്‍ ...

                           അച്ഛനെന്ന വാക്കില്‍ തെളിയുന്ന അഭിമാനവും തേജസ്സും ,കിനിഞ്ഞിറങ്ങുന്ന മധുരവും ,സ്നേഹത്തിന്‍റെ വാത്സല്യത്തിന്‍റെ വറ്റാത്ത നീരുറവയും , ആവോളം ആസ്വദിച്ച് ആ തണലില്‍ , ജീവിതത്തിന്‍റെ വസന്ത കാലങ്ങളില്‍ എന്നും  പാറിനടക്കുവാന്‍  ഞാനാഗ്രഹിക്കുന്നു  ...

ആ വാക്കിന്‍റെ അര്‍ത്ഥവും വ്യാപ്തിയും എന്നില്‍ ആഴ്ന്നിറങ്ങിയത് എപ്പോഴാണ് എന്നറിയില്ല ...എന്തായാലും അന്നു മുതല്‍ കണ്ണുകളില്‍ തെളിയുന്ന ഈശ്വരന്‍റെ രൂപത്തിന് അച്ഛന്‍റെ ഛയയുണ്ടായിരുന്നു ...

എന്നെ ഞാനാക്കിയ ആ പടു വൃക്ഷത്തോട് ആദരവിനെക്കാളേറെ അറിയിക്കാന്‍ കഴിയാത്ത പ്രകടിപ്പിക്കുവാനാകാത്ത വികാരങ്ങളുടെ സമ്മിശ്രമാണ് ...
ആശുപത്രി വരാന്തയില്‍ അലക്ഷ്യനായി ,വേവലതികളോടെ എന്‍റെ ജനനത്തിനായി വെമ്പല്‍ കൊണ്ട  പിതാവിന്‍റെ മുഖം എനിക്കോര്‍മ്മയില്ല..അമ്മയുടെ വാക്കുകളില്‍ ഞാനതെപ്പോഴും മനസ്സിന്‍റെ തിരശ്ശീലകളില്‍ റീലുകളായി പായിക്കാറുണ്ട്.
വിടര്‍ന്നു വന്ന എന്നെ നോക്കി സാകൂതം ഈ കൈകള്‍ ചുണ്ടോടടുപ്പിച്ചതും ഓര്‍മ്മകളായിരിക്കണം...

കാലുകള്‍ രണ്ടും കഴുത്തിലൂടിട്ട് തോളേറ്റിയത് , ആനയായി എന്നെ ചുഴറ്റി പുറത്തേറ്റിയത് , ഉപ്പു- ചാക്കായി ചുമന്നത്... എനിക്കു മാത്രം സ്വന്തമായിരുന്ന ആ മടിത്തട്ടില്‍ മുഖമര്‍ത്തിയത് ..ഇതൊക്കെ മറക്കാന്‍ കാലമേ നിന്‍റെ  വികൃതികള്‍ക്കാവില്ല  ...എല്ലാമെല്ലാം ഓര്‍മകളായി അവശേഷിക്കുന്നു..കാലത്തിന്‍റെ അഴുക്കുകള്‍ പുരളാതെ ഞാനതൊക്കെയും ചില്ലിട്ട ഫ്രെയിമുകളായി സൂക്ഷിച്ചിരിക്കയാണ് ...

വളരുംതോറും നമ്മള്‍ അകലുകയാണോ? ഒരു ചിരിയിലും മൌനത്തിലും പറയാതെ പറയുന്ന നൂറായിരം വാക്കുകള്‍ ..എനിക്കു വയ്യാ എന്നും ആ കുട്ടിക്കാലം മതിയെനിക്ക്‌ ..
ആ ചെറുവിരലില്‍ തൂങ്ങി നടക്കുമ്പോള്‍ ഞാനനുഭവിച്ച സുരക്ഷിതത്വവും   ധൈര്യവും  ഇന്നോളം ആര്‍ക്കും പകര്‍ന്നു നല്‍കുവാനായിട്ടില്ല..
ചേട്ടന്‍റെയും അനിയന്മാരുടെയും വികൃതികള്‍ക്കു നടുവില്‍ നിന്നു ഒരു കുസൃതിയോടെ ആ ചാരത്തേക്കോടിയണയും,അവരെ ശുണ്‍ഠിപിടിപ്പിച്ച് സുരക്ഷിതയായി അച്ഛന്റെ മാറോടു ചേരുമ്പോള്‍ ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കും....

ആ കാലടികള്‍ക്കു മീതെ കാലുകള്‍ വച്ച് നടക്കുവാന്‍ ശീലിപ്പിച്ചു..എന്റെ മോഹങ്ങള്‍ക്ക് നിറവും സ്വപ്നങ്ങള്‍ക്കു ചിറകും നല്‍കി ...
അമ്മ safe zone ല്‍ നിന്നു കളിക്കാന്‍ പഠിപ്പിച്ചപ്പോള്‍  അച്ഛന്‍ risk എടുക്കുവാന്‍ ശീലിപ്പിച്ചു.പിന്നെ അനന്ത വിഹായസ്സിലേക്ക് നിഷ്കരുണം എന്നെ പറത്തി വിട്ടു ..

എപ്പോഴും ഞാന്‍ വളര്‍ന്നത് അച്ഛന്‍ എന്ന ലോകത്തില്‍ വേരൂന്നിയാണ് ..അക്ഷരങ്ങളെ കൂട്ടുകാരക്കിയതും അങ്ങനെയാണ് ..പക്ഷേ ,ഇടയ്ക്കെപ്പോഴോ ആ വാക്കുകള്‍ അര്‍ഥങ്ങള്‍ തേടി പരക്കം പായുന്നത് ഞാനറിഞ്ഞു ..അതൊരു തിരച്ചിലായിരുന്നു ..താളം തെറ്റിയ പാളങ്ങല്‍ക്കിടയിലൂടെ ജീവിത വണ്ടി പായിക്കാനുള്ള തന്ത്രപ്പാടായിരുന്നു...
അച്ഛനാഗ്രഹങ്ങള്‍ ഓരോന്നും മയില്‍‌പ്പീലിത്തുണ്ടുപോലെ ആരും കാണാതെ ഹൃദയത്തിലൊളുപ്പിച്ചു,നാളേയ്ക്കു എഴുവര്‍ണ്ണങ്ങളോടെ വിരിയാനായ് ..

പലപ്പോഴും ശുണ്ഠിയോടെ കൈ ഓങ്ങുക മാത്രമേ ചെയ്തുള്ളൂ ..എന്‍റെ ധക്കാരങ്ങള്‍ ആ മനസ്സിനെ അത്രയദികം വ്രണപ്പെടുത്തിയിരിക്കണം.എങ്കിലും അച്ഛാ,ആ അടി എന്‍റെ മനസ്സില്‍ പതിഞ്ഞിരുന്നു ..കണ്ണുകളില്‍ ഉറഞ്ഞുകൂടിയ ജലം മുന്‍പിലുള്ള കാഴ്ച്ചകളെ മറയ്ക്കുമ്പോള്‍ ആ രൂപം എനിക്ക് മാത്രം വ്യക്തമായിരുന്നു ..
കാലത്തിന്‍റെ കുത്തൊഴുക്കില്‍ കടപുഴകി വീഴാതെ ഒഴുക്കിനെതിരേ നെഞ്ചുവിരിച്ചു നിന്നു ആ വ്യക്തിത്വം ..
നീ അച്ഛനെപോലെ ആകരുതെന്ന് എല്ലാവരും ഉപദേശിച്ചു . അന്യരെ കണ്ടില്ലെന്നു നടിക്കാന്‍ ,സ്വാര്‍ത്ഥയാവാന്‍, കൈവിട്ട സമ്പത്തിന്‍റെ കണക്കു പുസ്തകങ്ങള്‍ വീണ്ടും നിറയ്ക്കാന്‍ ...പക്ഷേ ഞാനങ്ങയുടെ തുടര്‍ച്ചയാണ് ,എന്നില്‍ ചെലുത്തിയ സ്വാദീനം നടപ്പിലും എടുപ്പിലും ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അവസാനം കൈയ്യൊപ്പിലും ഞാന്‍ തുടരുന്നു ...
നേട്ടങ്ങളുടെ പട്ടിക നഷ്ടങ്ങളുടെ കണക്കുകള്‍ കൊണ്ട് വികൃതമാണെങ്കിലും..ആ നഷ്ടങ്ങള്‍ ഒന്നും നഷ്ടങ്ങള്‍ ആയിരുന്നില്ല ,അതെ ,മനസ്സില്‍ അണയാതെ അങ്ങ് പകര്‍ന്നു തന്ന തിരി വെളിച്ചം കെടാതെയുണ്ട് ,അതാണെന്‍റെ നേട്ടവും....അതെ, അച്ചനെന്‍റെ അഭിമാനവും അവകാശവും അഹങ്കാരവുമാണ് ...

എല്ലാവരും അന്നെന്നെ കുറ്റപ്പെടുത്തിയപ്പോള്‍,ഒറ്റപ്പെട്ടപ്പോള്‍ ഒരു വന്‍മതിലായി എന്‍റെ ചാരേ നിന്നു..ഇന്നെനിക്കു ഒരു സ്വാന്ത്വന സ്പര്‍ശമാകുവാനെന്‍കിലും കഴിഞ്ഞുവെങ്കില്‍ ...

എന്നില്‍ മൂപ്പെത്താത്ത പ്രായത്തിന്‍റെ വിവരക്കേടും കണ്ണീരുമൊക്കെ കണ്ടപ്പോള്‍ ,ഇപ്പോള്‍ ഇതല്ല ഇതിലപ്പുറവും തോന്നാം എന്നോളമെത്തിയാല്‍ എല്ലാം അടങ്ങും എന്നു ചൊല്ലി ..

ഇന്നെനിക്കു പകരം വയ്ക്കുവാന്‍ ഒന്നും ഇല്ല, പുരാണങ്ങളിലേതുപോലെ തന്‍റെ യൌവനം പിതാവിനു നല്‍കുവാന്‍ കഴിഞ്ഞുവെങ്കില്‍ .. എന്നും നമ്മുടെ ജീവിതം ആ പാദങ്ങളിലാകണം, ഓരോ ശ്വാസത്തിലും ജീവന്‍റെ തുടിപ്പിലും സ്നേഹിച്ചുകൊണ്ട് ...

അകലേയ്ക്ക് പോയാലും അച്ന്‍റെ ഗന്ധമീ ചുമരുകള്‍ക്കുള്ളില്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍പ്പോലെ എന്നുമുണ്ട് ...ഈ സ്നേഹ സാമ്രാജ്യത്തില്‍ ഞാനുമൊരംഗമാണ് , വേഷങ്ങളറിയാത്ത ജീവിത തിരക്കഥയില്‍ ആ ഹൃദയത്തോടു ഞാനെന്‍റെ ഹൃദയവും ചേര്‍ത്തുവച്ചിരിക്കുന്നു..

ഒരിക്കല്‍പോലും നനവുപടരാത്ത ആ കണ്ണുകള്‍ എനിക്കെന്നും അത്ഭുതമാണ് ..എങ്കിലും ആ തിരയിളക്കവും വിതുമ്പലും കാതോടു ചേര്‍ത്തുവയ്ക്കുന്ന ഹൃദയ ശംങ്ഗിലേതുപോലെ വ്യകതമാണെനിക്ക് ..

ഉറുമ്പ് മധുരമണികള്‍ പെറുക്കിയടുക്കുംപോലെ മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളും അടുക്കി ...ആ ദേഹത്തു പുരണ്ട വിയര്‍പ്പുകണങ്ങല്‍ക്കുപോലും സ്നേഹത്തിന്‍റെ കരുതലുണ്ടായിരുന്നു .. എന്നും
നീറിക്കൊണ്ടിരുന്ന ആ സ്നേഹം ഹൃദയത്തിന്‍റെ അടിത്തട്ടില്‍ ഒളിപ്പിച്ച കനലുകളായിരുന്നു..

ഇനിയും എനിക്കാ കൈകളില്‍ തൂങ്ങി നടക്കണം ..ഒരിക്കല്‍ കൂടി അമ്മയുടെ സ്നേഹ ശകാരത്തിലും കട്ടിലില്‍ കിടന്നു കുത്തിമറിയണം, കെട്ടിപ്പിടിച്ചുറങ്ങണം..ആ സ്നേഹപ്പാലാഴി ആവോളം നുകരണം ..ഇന്നെന്‍റെ നഷ്ടവും ആ സാമീപ്യം മാത്രമാണ് ...എന്നും ഹൃദയ സ്പര്‍ശിയായ കവിതയാണെന്‍റെ അച്ഛന്‍ ......




Wednesday, July 18, 2012

അവള്‍ 

കാലത്തിന്‍റെ  ഇര 
വെറുക്കപ്പെട്ടവള്‍ 
വില്പനച്ചരക്ക് 
അവന്‍റെ മോഹങ്ങള്‍ക്കു 
നിറം പകരേണ്ടവള്‍ ?
വലിച്ചെറിയപ്പെടുന്നവള്‍ 
തിരിച്ചറിയപ്പെടാത്തവള്‍
പരാജിത 
അടുക്കളയില്‍ അരഞ്ഞു തീരുന്നവള്‍ 
അടുപ്പില്‍ പുകഞ്ഞു തീരുന്നവള്‍ 
ഉള്ളിക്കൊപ്പം കരഞ്ഞു തീരുന്നവള്‍ 
മനമിടറുമ്പോളും 
സ്വരമിടറുമ്പോളും 
ഉള്ളുവിങ്ങുമ്പോളും ചിരിക്കുന്നവള്‍ 
പഴയൊരു വീട്ടുപകരണം 
ഒടുവില്‍ 
മാപ്പുസാക്ഷി  
പിന്നെയും 
തുടര്‍ക്കഥ !

Tuesday, July 17, 2012

വിഷം


മണ്ണില്‍ വിഷം
വായുവില്‍ വിഷം
ജലവും വിഷമയം
എങ്ങും എവിടെയും ..
അതിനാലകുമോ
നിന്‍റെ  ചിന്തയിലും
ഹൃദയത്തിലും
വിഷം നിറഞ്ഞത് ?

വെറുതേ ഇങ്ങനേ ...




മനസ്സിനു ഭാരമേറി അതു താന്നുപോവുകയാണോ ? അതോ ,ഭാരമേതുമില്ലാതെ  ഒരു അപ്പൂപ്പന്‍താടി പോലെ പറന്നുയരുകയാണോ? എന്തായാലും എന്ത് എന്‍റെ  കൈകളില്‍ നിന്നത് വഴുതി മാറുകയാണ്‌ മറയുകയാണ് ...നീ എന്ന  സത്യത്തിലേയ്ക്ക്  ...

Thursday, July 12, 2012

ഒടുവില്‍ ....


            അര്‍ത്ഥമില്ലാതെ പോയ നൂറായിരം വാക്കുകളും , എണ്ണമറ്റു  പോയ സ്വപ്നങ്ങളും  മനസിന്‍റെ  അറിയാത്ത നോവിനെ നോക്കി  പുഞ്ചിരിക്കുമ്പോള്‍ ... നിശബ്ദത മാത്രം....എങ്ങും നിറഞ്ഞു നില്‍ക്കുന്ന തികഞ്ഞ ശൂന്യത ...
ഒടുവില്‍ ,
കനലെരിയുന്ന മനസ്സും ചിതലെടുത്ത സ്വപ്നങ്ങളും ബാക്കിയാക്കി നിന്‍റെയാ  മൌനവും ...

Tuesday, July 10, 2012

ഒരു വാക്ക്


അകലേ , ആരവങ്ങള്‍  ഒടുങ്ങുമ്പോള്‍  നിറങ്ങളുടെ,സ്വപ്നങ്ങളുടെ  ഭ്രാന്തമായ  ചിലന്തിവലകള്‍ നിറഞ്ഞ നീണ്ട  ജീവിത ഇടനാഴികളില്‍  ഒറ്റപ്പെടുന്നു എന്നു തോന്നുമ്പോള്‍ ......
ഓര്‍ക്കുക , ഞാനെന്ന സത്യം വെറും കൈയ്യെത്തും ദൂരത്തായിരിക്കും ..
തീര്‍ച്ച !

Friday, July 6, 2012

ഇരുട്ടിന്‍റെ മക്കള്‍ ...


  വഞ്ചന  നിറഞ്ഞ ലോകം 
ശപിക്കപ്പെട്ടൊരു      യുവത്വം
 ഇരുളടഞ്ഞ ജീവിതങ്ങള്‍     
ചുറ്റും ഭയമിടറിയ  മിഴികള്‍ 
ഇവന്‍ പതിനാലുകാരന്‍ 
 ചോരകൊണ്ടു  പകതീര്‍ത്തു
 ഇവനാരുടെ അനുയായി ?

 കയ്യില്‍ വടിവാളേന്തിയവര്‍ 
ചിന്തിക്കാത്തവര്‍ , നഗ്നര്‍ 
പകപോക്കുന്ന  രാഷ്ട്രീയം 
പണത്തിനായ്‌  പായുന്ന മടിശ്ശീലകള്‍ 
വൈകല്യം  ബാധിച്ച   മനസ്സുകള്‍ 
പകയുടെ പുഴുക്കളിഴയും  തലച്ചോര്‍ 
ഇവരാണ് ഇരുകാലി മൃഗം 
കുലംകുത്തികള്‍ ..
മനുഷ്യകുലത്തെ ഒറ്റുന്നവര്‍ 

ക്ഷമിക്കു , ഭയമാണെനിക്ക് നിന്നെയും 
ഈ സ്നേഹം കടംകൊള്ളൂവാന്‍ 
അനിയാ , തുറക്കു നിന്‍ മിഴികള്‍ 
നിന്നിലൂടെ അവര്‍ വളരുന്നു 
നീ നിത്യം തളരുന്നു 
അഴികള്‍ക്കുള്ളില്‍ പിടയുന്നു 
വേട്ടയാടപ്പെടുന്നു 
  എന്തിനു നീ ഇന്നു നിന്‍ 
സ്വപ്നങ്ങള്‍ പണയപ്പെടുത്തി ?

മകനേ എന്നു വിളിച്ചു കേഴ്വൂ 
മുലപ്പാല്‍ തുളുമ്പും മാതൃത്വം 
കൊടിതന്‍ നിറമേതായാലും 
തിരികേ വന്നീടുമ്പോള്‍ ആ 


                                                        കണ്ണീര്‍ച്ചാലുകള്‍ മാത്രം നിനക്കു സ്വന്തം
                                                        വരിക ഇനിയും വൈകീടാതേ .......






Wednesday, July 4, 2012

എന്‍റെ മഴ


കാത്തിരിപ്പിനൊടുവില്‍ മുത്തുമണികള്‍ ചിന്നിച്ചിതറും  കണക്കെ മഴത്തുള്ളികള്‍ ഹര്‍ഷാരവം  മുഴക്കി  വന്നെത്തുകയായി ..എങ്ങും സന്തോഷം ...മാനത്ത് മഴവില്‍ നിറങ്ങള്‍ വന്നണയുമ്പോള്‍  മനസ്സിലും ഏഴ് വര്‍ണ്ണങ്ങള്‍ പീലി നിവര്‍ത്തിയാടുന്നു ..  ഒരു നനുത്ത കുളിര്‍ സ്പര്‍ശവുമായ് ,   മഴയുടെ സംഗീതം ..കേള്‍ക്കാന്‍ ഇമ്പമുള്ളതും  മനസ്സിന്  ആനന്ദ നിര്‍വൃതിയുടെ കാഹളവുമായ്‌ ഭൂമിയുടെ  മാറിലേക്ക് ..

        പുറത്തു മഴ തിമിര്‍ത്തു പെയ്തുകൊണ്ടിരിക്കുന്നു ...മഴ ഒരു യാത്രയാണ്‌ ... ഒഴുകുന്ന പുഴ പോലെ ...മഴയില്‍ കുതിര്‍ന്ന കുട്ടിക്കാലം,എന്‍റെ  കൊച്ചു  കളി വള്ളങ്ങളെ കുസൃതിയോടെ മുക്കിത്താഴ്ത്തിയ  മഴ. കാറ്റും മഴയും   ഒളിച്ചു കളിക്കുമ്പോള്‍ വര്‍ണ്ണക്കുട  പറത്തിക്കളഞ്ഞ്  എന്നെ നനയിച്ച സുന്ദരി മഴ.

                           

                               

  കാലമേറെച്ചെന്നപ്പോള്‍ ,നനയാതെ ഉമ്മറപ്പടിയില്‍  കൈകളാല്‍ തട്ടി തെറുപ്പിച്ച്‌   നോക്കി നിന്ന കാമുകനായ മഴ...ഉറക്കം വിരുന്നിനു എത്താത്ത രാത്രികളില്‍ നിന്‍റെ പാട്ടു കേട്ടു ഞാന്‍  കൂട്ടിരുന്നിട്ടുണ്ട് ..

   മനസ്സിരുണ്ടു  തുടങ്ങുമ്പോള്‍ കണ്ണുനീര്‍ മഴയായ് പെയ്തു തോരും  അന്നും നീ  എന്‍റെ  ഉറ്റ ചങ്ങാതിയായി   കൂടെ വന്നു  ... വളകിലുക്കത്തോടെ പൊട്ടിചിരിച്ചപ്പോള്‍ മധുര മഴയായി ..മഴ എന്നും  ഒരു അനുഭൂതിയാണ്.. നിശബദതയില്‍ നിന്നു പെയ്തിറങ്ങി ആകെ നനയിച് പോയി മറയുന്ന പ്രണയ മഴ ..അന്നാദ്യമായി കൊലുസിട്ട സുന്ദരിയെ പോലെ നീ പെയ്തിറങ്ങി ....മണ്ണിന്‍റെ മണമുള്ള ഓര്‍മകളുമായി ..



പൊട്ടിയ ഓടിന്‍റെ  വിടവിലൂടെ  മഴത്തുള്ളികള്‍ക്കൊപ്പം  ദാരിദ്ര്യത്തിന്‍റെ കരിമ്പടം പുതച്ചെത്തുന്ന മഴക്കാലം..പെയ്തൊഴിയുമ്പോള്‍ മനം തെളിയുമ്പോള്‍ തെളിഞ്ഞ ആകാശത്തോളം  നിറഞ്ഞ പ്രതീക്ഷകള്‍ . ചിലപ്പോഴൊക്കെ ഒരു പരിഭവത്തോടുകൂടി  നീ ചിണുങ്ങിയെത്തും   അന്ന് , ജനാലകള്‍ കൊട്ടിയടച്ച്  ഒരു വാശിയോടെ നീ പെയ്തിറങ്ങുമ്പോള്‍ ആ രൌദ്രതയെ  ഞാനെപ്പോളോ  ഭയപ്പെട്ടിരുന്നു ...

      നീയെനിക്കെന്നും ഒരത്ഭുതമാണ് ..അങ്ങ് ആകാശച്ചെരുവില്‍  മഴമേഘങ്ങള്‍ക്കിടയില്‍ അനേകായിരം മുത്തുമണികളായ് എങ്ങനെ നീ ഒളിച്ചിരിക്കുന്നു ?  ഇടവമാസത്തില്‍ എല്ലാവരും നിനക്കായ്‌ കാത്തിരിക്കുമ്പോള്‍ നിശബ്ദമായി  നിന്നെ പ്രണയിച്ച എന്നെ നീ ഓര്‍മിക്കാറുണ്ടോ  ? കൈകളാല്‍ നിന്നെ ഞാന്‍ കോരിയെടുക്കുംമ്പോളും  പുഴവക്കിലും കടലോരത്തും ആരും കാണാതെ എന്‍റെ  കാലുകളില്‍ നനുത്തൊരുമ്മ  നല്‍കുമ്പോളും  നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു.. എത്രയോ തവണ കുടചൂടാതെ ആ സ്നേഹം നമ്മള്‍ പങ്കുവെചിടുണ്ട് ? അവസാനം സീമന്ത രേഖയില്‍ കണ്ണീരായും നീ  പെയ്തിറങ്ങി ..ജീവിതം പെയ്തൊഴിയാത്തൊരു  വര്‍ഷകാലമായിരുന്നുവെങ്കില്‍ !!


  അവസാനം  ,  തെക്കേത്തൊടിയില്‍  ഞാനൊറ്റയ്ക്ക് എരിഞ്ഞമരുമ്പോള്‍  പിണങ്ങി നീ മാറിനില്‍ക്കുമോ ? അറിയില്ലെനിക്ക്‌ ,എന്തിരുന്നാലും കണ്ണുനീരിന്‍റെ  ഉപ്പു വറ്റിച്ച്  വിണ്ണിന്‍റെ  മാറിലേയ്ക്ക് നനവുപടര്‍ത്തി എനിക്കും  പെയ്തിറങ്ങണം ..നിന്നോടൊപ്പം ...
ഇപ്പോള്‍ മഴ പെയ്യുകയാണ് ..മാനത്തും മണ്ണിലും വിണ്ണിലും മനസ്സിലും എല്ലാം മഴ.....