Monday, June 24, 2024

ഉണങ്ങാത്ത മുറിവുകൾ

 

കാലം മായ്ക്കാത്ത മുറിവുകളുണ്ടോ ? നീ മറന്നോളും എന്ന് എത്ര നിസാരമായി നീ പറഞ്ഞു....

എളുപ്പമല്ലന്നേ ഒട്ടും എളുപ്പമല്ല... ഓർമകളുടെ കയത്തിലിങ്ങനെ എത്രനാൾ മുങ്ങിത്താഴും എന്നറിയില്ല.. പക്ഷെ നിന്റെ ഓർമകളിൽ ശ്വാസം മുട്ടിയായിരിക്കും എന്റെ മരണം...


ഓർമകളിൽ നിന്ന് ഒളിച്ചോടാൻ കഴിയാതെ നിന്റെ ഓർമകൾന്നിങ്ങനെ വേദനിപ്പിക്കുമ്പോൾ നഷ്ടപെട്ട നമ്മളെ ഞാൻ തിരയാറുണ്ട് .


നോർമലാകാൻ ശ്രമിക്കുമ്പോഴൊക്കെ ഒരു ചിരിയിൽ, പാട്ടിൽ, ഒരു പേരിൽ, നീ ഇങ്ങനെ തെളിഞ്ഞു വരും... സൗഹൃദത്തി, ഇട നേരങ്ങളിൽ, കളി തമാശയിൽ...നിന്റെ അസാന്നിദ്യം ഒരു ഉൾകിടിലത്തോടെ എന്നെ മാറ്റിനിർത്തും..

പിന്നെയും നിന്റെ ഓർമ്മകളിലേയ്ക്ക് മുങ്ങാം കുഴിയിടും..നനഞ്ഞ കണ്ണുകളോടെ വാർത്തെടുത്ത പുഞ്ചിരിയിൽ എല്ലാം മറച്ചിങ്ങനെ പണിപ്പെട്ടു ഞാനല്ലാതെ നിൽക്കും...


ചോര പൊടിയുന്ന വേദനയോടെ കാലം നിന്റെ ഓർമകളെ എന്റെ ഹൃദയത്തിലിങ്ങനെ പച്ചകുത്തിക്കൊണ്ടേയിരിക്കുന്നു .. ഇനി ഒരു തിരിച്ചുപോക്കില്ല എന്നറിയുമ്പോഴും ..എന്റെ കാഴ്ചകളിൽ നീ നിറയുന്നു...

നിനക്കിങ്ങനെ സ്നേഹം കൊണ്ട് പൊള്ളലേറ്റിട്ടുണ്ടോ? മാറ്റെന്തിനേക്കാളും തീവ്രമാണത് ..




Monday, January 1, 2024

നിശബ്ദ മരണങ്ങൾ


കൂട്ട്  കൂടി , നിറയെ കല പിലാ വർത്തമാനങ്ങൾ പറഞ് 

ഒന്നിച്ചൊരു ചൂട് ചായക്കു ചിയേർസ് പറയും...  

ഇഷ്ടപെട്ട വരികൾക്ക് താളം പിടിച്ചു യാത്രപോകും ...

ചേർത്ത് നിർത്തിയും,  തെമ്മാടിത്തരങ്ങൾക്കു കൂട്ട് പോയും 

ആവേശത്തോടെ കഥകൾ പറഞ്ഞും 

ഇടയ്ക്കു മുട്ടൻ വഴക്കിട്ടും,  തെറ്റി പിരിഞ്ഞും 

കണ്ണ് കലങ്ങി കട്ടീസ് പറയും ...


പിന്നീട് ഒരു വിളിയ്ക്കു മറു ചിന്ത ഇല്ലാതെ ഓടി എത്തിയും 

പിണങ്ങിയത്  മറന്നു വീണ്ടും ഒന്നായും  

കഥകളിങ്ങനെ തുടരും ...


എന്നിട്ടോ...?


എന്നിട്ട് ,ഒരൊറ്റപ്പോക്കാണ് ...

ഒന്നും അറിയാത്തതുപോലെ...

കാണാത്തതു പോലെ ...

അപരിചിതരെപ്പോലെ ...


ഒരാളെ തകർക്കാൻ ഒരായുധവും ആവശ്യമില്ലായെന്നു 

പിനീടാണ് മനസിലായത്...

സ്നേഹം കൊണ്ടിങ്ങനെ നിറച്ചിട്ടു ഇറങ്ങിപ്പോയാൽ മതിയെന്ന് ..


ഉള്ളു വെന്തു വെന്തു പൊള്ളിയടരും... 

ഹൃദയമിടിപ്പിന്റെ വേഗത  കൂടി  കൂടി  അത് നിലയ്ക്കും ...

മനസ് തണുത്തുറഞ്ഞു മരവിച്ചു  പോകും..

സ്നേഹച്ചൂടിന്റെ ഓർമയിൽ കണ്ണ് നീര് വറ്റി ഉപ്പിൻകല്ല് പറ്റിപിടിക്കും... 

ഇനിയൊന്നു ചിരിക്കാൻ പോലും പേടിച്ചു കണ്ണുകളിൽ ദൈന്യത നിറയും ...

ഓർമകളിൽ ഒരു ഭ്രാന്തനെ പോലെ അലയും ... 

ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ പതറിനിൽക്കും ...

വാക്കുകൾ മുറിഞ്ഞു തനിച്ചായി,

തന്നിലേക്ക് തന്നെ തിരിഞ്ഞു നടക്കും......


പക്ഷെ  അവർ മരണപ്പെട്ടത് മാത്രം നീ അറിഞ്ഞിട്ടുണ്ടാകില്ല...

ഒരു തെളിവ് പോലും ബാക്കി വയ്ക്കാതെ ,

ഒരില ഞെട്ടറ്റു വീഴുന്ന ലാഘവത്തോടെ ,

നിശബ്ദമായി നിഷ്‍കരുണമായി   അവർ കൊലചെയ്യപ്പെട്ടതാണ്!

Tuesday, December 26, 2023

നോവ്

ഒരിടത്തൊരിടത്തു, ഒരു ഞാനും നീയും ഉണ്ടായിരുന്നു... 
 ഞാൻ നീയും നീ ഞാനുമായിരുന്നു.... 
 നമ്മളിരുപേരും ഒന്നായിരുന്നു.... 
 പെട്ടന്നൊരുനാൾ ഞാനും നീയും എന്നതിൽ നിന്ന് ഞാൻ മാത്രമായി അവശേഷിച്ചു.... 

 ആൾക്കൂട്ടത്തിനു നടുവിൽ കൈ വിട്ടു പോയ കൊച്ചു കുട്ടിയെപ്പോലെ ഞാൻ ഉറക്കെയുറക്കെ കരഞ്ഞു ...
 ഉള്ളുലഞ്ഞതല്ലാതെ ഹൃദയം പിടഞ്ഞതല്ലാതെ മനസ്സ് നുറുങ്ങിയതല്ലാതെ ശബ്ദം മാത്രം പുറത്തു വന്നില്ലാ... 
 കണ്ണുനീർ മാത്രം ചാല് കീറി നിറഞ്ഞൊഴുകി കൊണ്ടിരുന്നു....

 അറിയണമെന്നുണ്ടായിരുന്നു ...

 
നീ , നീ ഒരിക്കലെങ്കിലും സ്വന്തമാകില്ലെന്നു ഉറപ്പുള്ളതിനെ സ്നേഹിച്ചിട്ടുണ്ടോ ? 

 അത്രമേൽ കരുതലോടെ ചേർത്ത് നിർത്തിയിട്ടുണ്ടോ? 

ഹൃദയം നുറുങ്ങുമ്പോഴും മായാത്തൊരു പുഞ്ചിരി വിടർത്തി ഒരായിരം ഇഷ്ടങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോ ? 

മനസ്സു പിടയുമ്പോഴും കണ്ണുകളിലിങ്ങനെ വിസ്മയം പേറി നിന്നിട്ടുണ്ടോ ? 

ഹൃദയതാളം വലിഞ്ഞു മുറുകിയിട്ടുണ്ടോ? 

ഒന്ന് ശ്വസിക്കാൻ പോലും ദീർഘമായി നെടുവീർപ്പെട്ടിട്ടുണ്ടോ ? 

അറിയാതെ, ഓർമകളുടെ വേലിയേറ്റം കണ്ണ് നനയിച്ചിട്ടുണ്ടോ ? 

ആരവങ്ങൾക്കും ആഘോഷങ്ങൾക്കും ഇടയിൽ പെട്ടന്ന് തനിച്ചാകാറുണ്ടോ  ? 

നാമരികിലുള്ളപ്പോൾ മാത്രം തളിർക്കുകയും പൂക്കുകയും ചെയ്യുന്ന വസന്തത്തെ വരവേൽക്കാറുണ്ടോ ? 

പിരിയുമ്പോൾ ലോകം ശ്യൂന്യമായതുപോലെ തോന്നാറുണ്ടോ ?

 ഒരാശ്വാസത്തിനായി ഒന്നും തുറന്നു പറയാൻ കഴിയാത്ത നിസ്സഹായതയുടെ പടു കുഴിയിൽ വീണിട്ടുണ്ടോ ? 

അങ്ങകലെയാണെങ്കിലും ഇങ്ങരികിലാണെപ്പോഴും എന്ന് തോന്നാറുണ്ടോ ? 

ഇതൊക്കെ മനസ്സിലാക്കിയിട്ടും തിരിച്ചറിയപ്പെടാതെ പോയിട്ടുണ്ടോ?

 ഉള്ളിലെപ്പോഴും ഒരു കനലിങ്ങനെ എരിഞ്ഞെരിഞ്ഞു സ്വയം വെന്തു നീറിയിട്ടുണ്ടോ ? 

നിനക്ക് നിന്നെത്തന്നെ സ്വയം നഷ്ടപെട്ടിട്ടുണ്ടോ ? 

ഇല്ലായെങ്കിൽ.....

 നമ്മൾ എന്നതൊരു വല്യ നുണയായിരുന്നു...

Tuesday, April 19, 2016

തിരിച്ചു പിടിക്കാം , സ്നേഹ ഹൃദയങ്ങൾ...


 ഒരിടവേളയ്ക്ക് ശേഷം നമ്മളൊക്കെ  മറന്നു തുടങ്ങിയ ആറ്റി ങ്ങൾ കേസിന്റെ വിധി വന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത് .ഇന്നിപ്പോ ഇതൊരു തുടർക്കഥയായി  മാറിയിരിക്കുന്നു .കേരള സമൂഹം  ഇത്തരം നീച കൃത്യങ്ങളോട് പൊരുത്തപെട്ടു തുടങ്ങിയത് പോലെ .

"നിനക്ക് നല്ലൊരു മകളുണ്ട് . നിന്റെ ഭാര്യയെ ഒരിക്കലും വേദനിപ്പിക്കരുത് അന്യ സ്ത്രീയുമായി നിനക്കുള്ള ബന്ധo ഞാനറിഞ്ഞു.നീ ആ തെറ്റു തിരുത്തണം.പള്ളിയിൽ പോയി കുമ്പസാരിക്കണം. കൌൺസിലിങ്ങിനു വിധേയനകണം."        
ഒരു മകന് തീരാ വേദനയോടെ പിതാവ് നല്കിയ കത്തിലെ വരികളാണ് ഇത്.മകൻ വഴി തെറ്റുന്നു എന്ന് കണ്ട് പിതാവ്  ഒരു തിരി വെട്ടമായി,പക്ഷേ  കൂരിരുട്ടയിരുന്നു അവനിൽ..ലഭിച്ചതോ കൊലക്കയറും .ഈ കേസിലെ 43 ആം സാക്ഷിയായ ആ അച്ഛന്റെ ഇനിയും കാണാത്ത മുഖം വല്ലാതെ വേദനിപ്പിക്കുന്നതാണ് .മക്കളോടുള്ള സ്നേഹം എല്ലാ മാതാപിതാക്കളുടെയും മനസ്സ്‌ ഒരു നിമിഴത്തെക്കെൻകിലും ഉലയ്ക്കും .എന്നാൽ ഇവിടെ സ്വന്തം മകന്റെ അടിയേറ്റു പിടഞ്ഞു മരിച്ച പിഞ്ചു കുഞ്ഞിന്റെ മുഖം സ്വന്തം മകന്റെ മുഖത്തേക്കാൾ വാത്സല്യത്തോടെ ആ പിതാവ് കണ്ടു.

കോടതിയിൽ അദേഹം സത്യങ്ങൾ തുറന്നു പറഞ്ഞു.മകൻ ഒരു തവണയെങ്കിലും ഈ പിതാവിനെ ശ്രവിച്ചിരുന്നുവെങ്കിൽ നിനോ മാത്യു എന്നാ ചെറുപ്പക്കാരൻ ഇത്  ചെയ്യില്ലരുന്നു.ഒരമ്മ തീരക്കളങ്കമായി നമ്മുടെ മുൻപിൽ നില്ക്കില്ലയിരുന്നു.

കാണണം മാതാപിതാക്കളുടെ പൊള്ളുന്ന മനസ്സ്.ഇന്നത്തെ യുവത്വം അവരെ തട്ടി മാറ്റുമ്പോൾ ഒരു നിമിഴമെങ്കിലും ചിന്തിക്കേണം അവർ സൃഷ്ടിക്കുന്നത് തടസ്സങ്ങളല്ല എന്ന് .നിങ്ങളെ സ്നേഹിച്ചും വിശ്വസിച്ചും മാത്രം കഴിയുന്ന നന്മ മരങ്ങളാണവർ.

സ്വന്തം കുഞ്ഞിനെ കാമ പൂർത്തികരണത്തിനായി ആരും കൊല ചെയ്ത അമ്മയുടെ കൂടെ നാടായി കേരളം.

        അറേബ്യയിലെ മുഴുവൻ സുഗന്ധ  ദ്രവ്യങ്ങൾ കൊണ്ട് വന്നു കൈ കഴികിയാലും ഈ ക്രൂരതയുടെ പാപം കഴുകിക്കളയാൻ ആകില്ല,എന്ന് കോടതി ഉദ്ധരിക്കുകയുണ്ടായി .നാണിച്ചു തലതാഴ്ത്തണം അമ്മയെന്ന സത്യം പേറിയവരെല്ലാം.ഇവിടെ ഇരു പാർശ്വ്വങ്ങളിലായി നില്കേണ്ടി വന്ന ഒരമ്മയുടെം അച്ഛന്റെയും മുഖമാണ്  എന്നെ അസ്വസ്തയക്കുന്നത്‌.ഒരച്ഛൻ  നീതിയുടെ കാവലാളാകുംപോൾ  നന്മയുടെം സ്നേഹത്തിന്റെം ആൾ രൂപമാകേണ്ടവൾ ഒരിറ്റു കനിവില്ലാതെ വാത്സല്യം വറ്റിയ മാതൃത്വം പേറുന്നു.


ഒരുമാസത്തെ പത്രമെടുത്തു  നോക്കു.മൃഗീയമായ (മൃഗങ്ങൾ കേട്ടാൽ ആ  അപമാനമാകും ) സമാനതകൾ ഇല്ലാത്ത  ക്രൂരതയുടെ പൈശാശികതകൾ കാണാം. അവസാനത്തേത് ആ പിഞ്ചു   കുഞ്ഞിന്റെ കരച്ചിലാകട്ടെ.ഇനിയും ഇത്തരം  ഹൃദയശൂന്യരായ  കുറ്റവാളികളുടെ സ്വന്തം നാടായി നമ്മുടെ കേരളം അധപതിക്കുന്നത് തടയാൻ ഭരണതലത്തിലും സാമുഹിക തലത്തിലും കൂട്ടായ ശ്രമം അനിവാര്യമാണ് .


വിദ്യാഭ്യാസം വിവരത്തിന്റെയോ ചിന്തയുടെയോ ബഹിർസ്ഫുരനമല്ല.ആയിരുന്നേൽ ഇതോന്നും സംഭവിക്കില്ലയിരുന്നു.

രോഗ ഗ്രസ്തമായ ഒരു സമൂഹം നമുക്കിടയിൽ വളര്ന്നു വരുന്നു ..അതിനു തട വച്ചില്ലേൽ വരും തലമുറ നീതി ബോധവും ചിന്താശേഷിയുമില്ലാത്ത അറപ്പുളവാക്കുന്ന കാട്ടാള ജന്മങ്ങൾക്കു തുല്യമാകും .

തുടങ്ങാം നമ്മുടെ കുടുംബത്തിൽ നിന്ന് ...മൂല്യ ബോധവും കളങ്കമില്ലാത്ത സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സൌഹൃദത്തിന്റെയും നല്ല പാoങ്ങൾ ഉള്ക്കൊണ്ട് ബുദ്ധിക്കൊപ്പം ഹൃദയവും വളര്ത്തിക്കൊണ്ട് വരാം.

 മാറിയ ജീവിത സാഹചര്യങ്ങൾക്ക് അടിമപ്പെടാതെ ആധുനിക സാങ്കേതിക വിദ്യകളെ ദുരുപയോഗം ചെയ്യാതെ വളരട്ടെ നമ്മുടെ മക്കൾ ..ഒപ്പം ദൈവത്തിന്റെ സ്വന്തം നാടെന്നു അഭിമാനത്തോടെ തലയുയർത്തി നമുക്കും നില്ക്കാം....             



Tuesday, August 18, 2015

ന ന്ദി ...

മനസ്സിൽ എ പ്പോഴും  വസന്തം തീര്കുന്ന ഓർമ്മകൾ ഉണ്ടാകും,അവസാനം വരെ നിറം മങ്ങാതെ  നമ്മൾ കൊണ്ടുനടക്കുന്ന  ചിലമനോഹരമായ ഓർമ്മകൾ മഞ്ചാടി  കുരുക്കൾ ചെറുപ്പത്തിൽ ഇടയ്കിടെ എണ്ണി തിട്ടപ്പെടുത്തുന്നതുപോലെ   നമ്മളും ഈ ഓർമ്മച്ചെപ്പ് തുറക്കും..നിറഞ്ഞ കൗതുകത്തോടെ ..

        ഒരു ചെറിയ വലിയ പ്രണയം...ഇന്നത് ഓർത്തെടുക്കുമ്പോൾ മനസിലൊരു തിരയിളക്കമാണ് ..മനസും ഹൃദയവും ഒന്ന് ചേർന്ന് പങ്കു വയ്കലിന്റെ,തിരിച്ചറിവിന്റെ വിശ്വാസ്യതയുടെ ഒക്കെ വല്യ വല്യ പടങ്ങൾ പകർന്ന് ഒരു ചെറിയ വല്യ തുടക്കം..

ഒരു കുസൃതിയോടെ ഞാനിതൊക്കെ ഓർത്തെടുക്കുമ്പോൾ കുഞ്ഞു കണ്ണുകളിൽ നിറയെ വിസ്മയവും പേറി അവൾ ഞങളുടെ കുഞ്ഞു മാലാഖ എനിക്കരികിലുണ്ട് .ഈ നിമിഷം ഞാൻ ഏ ന്റെവും ആഗ്രഹിക്കുന്നത് അദേഹത്തെ മാത്രമാണ് അങ്ങകലെ ജീവിതത്തിന്റെയും   സ്വപ്നങ്ങളുടെയും ചിലന്തി വലകുരുക്കിലാകും ..

          വര്ഷങ്ങള്ക്ക് മുൻപ് നമ്മളിരുവരും സ്വപ്നം കണ്ട ദിനം ഇതായിരുന്നു..സമയവും കാലവും മുൻപോട്ട് പഞ്ഞെങ്കിലും  ആ ഓര്മകളും പിന്നാമ്പുറങ്ങളും ഏറെ  പച്ചപ്പോടെ  മനസിലിന്നും തളിരര്ന്നു നില്ക്കുന്നു ..

അന്നേവരെ സാങ്കല്പികം മാത്രമായിരുന്നു എല്ലാം ..അച്ഛന്റെ സുരക്ഷിത കവച്ചത്തിൽ നിന്ന് ,പിടി വാശികളിൽ നിന്ന് കൊഞ്ഞലുകളിൽ നിന്ന് വേരോടെ ഒരു പറിച്ചു നടീൽ ...

പുത്തൻ കാഴ്ചകൾ സംസ്കാരം നിറം മണം  രുചി ....

ഈശ്വരനെയും പിതാവിനെയും മാതാവിനെയും സാക്ഷി നിരത്തി ജാതിയുടെയും മതത്തിന്റെയും അതി ർവരംപുകൾ  ലംന്പിക്ച് സ്നേഹത്തിന്റെ ശംഖൊലിയൂതി അവിടെ ഞങൾ ഒന്നായി തീര്ന്നു..
എല്ലാവര്ക്കും സമസ്യയായിരുന്നു ഞങളുടെ തീരുമാനങ്ങൾ ഇന്നിവിടെ ഒത്തിരി സന്തോഷതോടെ ഒരു ചെറിയ ദൂരം ഞങൾ പിന്നിട്ടിരിക്കുന്നു ...

 


നന്ദി ഞങളുടെ ഇഷ്ടത്തെ അംഗീകരിച്ചതിന് തീരുമാനങ്ങളിൽ കൂടെ നിന്നതിനു ഇനിയും മുന്പോട്ടുള്ള ജീവിതത്തിനു ഊർജ്ജം തന്നതിന് എല്ലാ അതിർ വരമ്പുകൾക്കപ്പുറത്തുനിന്നും  മകനും മകളുമായി ചേർത്ത്നിർത്തിയതിനു ...







Tuesday, September 24, 2013

എന്റെ മൗനം നിന്റെ കണ്ണുകളിൽ അക്ഷരങ്ങളായ്‌ തെളിയുമെന്ന് വെറുതേ 

ഞാൻ ആശിച്ചു .. പറയുവാൻ 



ആശിച്ചതൊക്കെയും നാവിൻ തുമ്പിലായ് കെട്ടുപിണഞ്ഞു കിടന്നിരുന്നു ...


ഇനി, പരിഭവവും പരാതിയുമില്ലാ ..


അക്ഷരങ്ങളുടെ അർത്ഥവിരാമമില്ലാതെ , കൊഴിഞ്ഞു വീണ ഓർമ്മകളുടെ 


മുൻപിൽ, നെയ്തെടുത്ത 


സ്വപ്നങ്ങൽക്കൊപ്പം ...കണ്ണീരിൽ കുതിർന്ന മൗനം .....

   







ഇതൊരു യാത്രയാണ്......


ഇതൊരു യാത്രയാണ്‌ , അനസ്യുതം അനുവാദമില്ലാതെ ഒഴുകുന്ന

 പുഴപോലേ ...

സമ്മതമെങ്കിൽ, കൈകൾകോർത്ത്,ഹൃദയതാളമറിഞ്ഞ്, നമുക്കൊന്നുചേരാം ...


പക്ഷേ , ഓർമ്മകളെ ആവാഹിച്ച്,തെറ്റും ശരിയും ചേർന്നൊഴുകുന്നുണ്ടിവിടെ...

 ആഴങ്ങളിൽ നഷ്ടപ്പെട്ട മനസ്സിന്റെ മരവിപ്പുണ്ട് ,

വിരഹം പേറുന്ന ചുഴികളുണ്ട് ,..

നഷ്ട പ്രണയത്തിന്റെ ചിതാ ഭസ്മമുണ്ട്,

ഹൃദയത്തിനടിത്തട്ടിൽ  കണ്ണുനീരിന്റെ ഉപ്പും ആത്മാവിന്റെ ആഴങ്ങളിൽ മോഹങ്ങളുടെ  ൾപുളകവുമുണ്ട്, 

അക്ഷരങ്ങളുടെ ചവർപ്പിലും തീരങ്ങളിൽ 

പ്രതീക്ഷകളുടെ പച്ചപ്പും അങ്ങടിത്തട്ടിൽ എപ്പോളോ നഷ്ടപ്പെട്ട്‌

 എന്നിൽ  നിന്നൂർന്നുവീണ പുഞ്ചിരിയുടെ മുത്തുകളും ,സന്തോഷത്തിന്റെ പവിഴങ്ങളുമുണ്ട് ... 

പിന്നെ വറ്റാത്ത സ്നേഹത്തിന്റെ നീരുറവയുo...







ഇനിയും സമ്മതമെങ്കിൽ നമുക്കീ തീരത്തുനിന്നു

 തിരമാലകൾക്കൊപ്പം കടന്നു ചെന്ന് കരയെ പുൽകാം ...

അസ്തമയ സൂര്യൻ നമ്മുക്ക് കുങ്കുമ തിലകം ചാർത്തട്ടെ ...!